Prostration

  • Home
  • /
  • Prostration

അകാലത്തിൽ അണഞ്ഞ ദീപം

സന്തോഷ് നെടുങ്ങാടി


1974 - 2015


സന്തോഷ് നെടുങ്ങാടി, അടുപ്പമുള്ളവർക്ക്‌ ഉണ്ണിക്കുട്ടൻ, ഇക്കഴിഞ്ഞ ആഗസ്ററ് 25 നു (2015) നമ്മെയെല്ലാം വിട്ടുപിരിഞ്ഞു. സ്നേഹധനനായ മകൻ, ഭർത്താവ്, സഹോദരൻ തുടങ്ങിയ വിശേഷണങ്ങൾ എല്ലാം മിക്കവാറും എല്ലാവർക്കും ചേരും. എന്നാൽ സന്തോഷ് നെടുങ്ങാടിയുമായി അടുത്ത് ഇടപഴകിയവർക്കെല്ലാം അത്യന്തം പ്രിയങ്കരനായിരുന്നു. വെറും 41 വയസ്സിനുള്ളിൽത്തന്നെ - പുരുഷായുസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാലമാണ്. പാലക്കാട് ഗൗരി ക്രിയേഷൻസിന്റെ കൺവീനർ, കവി, ബ്ലോഗ് എഴുത്തുകാരൻ എന്നീ നിലകളിൽ എല്ലാം പ്രസിദ്ധി ആർജിച്ചിരുന്നു. നിന്നോട് പറയാൻ മറന്നത്, പിച്ചും പേയും എന്നീ 2 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രയാണ നിയമാവലി എന്ന മൂന്നാമത്തെ കാവ്യ സമാഹാരം പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ വിധി അദ്ദേഹത്തെ തട്ടിയെടുത്തു. തന്റെ പിതാവായിരുന്ന അന്തരിച്ച സി.പി. ഉണ്ണികൃഷ്ണൻ നെടുങ്ങാടിയെപ്പോലെത്തന്നെ സാമന്ത സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിയായിരുന്നു. സാമന്ത പത്രികയുടെ പത്രാധിപ സമിതിയിലെ അംഗമായിരുന്ന സന്തോഷ് നെടുങ്ങാടിയുടെ ഉത്സാഹം ഒന്നുകൊണ്ടു മാത്രമാണ് ഇന്ന് ലോകത്തെവിടെയും ഉള്ള മലയാളിക്ക് സാമന്ത പത്രിക വായിക്കുവാൻ ഇന്റർനെറ്റ് മൂലം സാധ്യമായത്. സാമന്ത സമാജം പാലക്കാടു യൂണിറ്റ് നിർമ്മിച്ച സാമന്തന്മാരുടെ പൂർവ്വചരിത്രം വെളിപ്പെടുത്തുന്ന "തെളിയുന്ന ദേശമുദ്രകൾ തുടരുന്ന വംശഗാഥകൾ" എന്ന ഡോക്യുമെന്ററി അദ്ദേഹത്തിന്റെ അത്യധ്വാനത്തിന്റെ ഫലമാണ്. റിലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കേരളാ മേഖല മാനേജരായിരിക്കെയാണ് മരണം സംഭവിച്ചത്. പ്രശസ്തമായ ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ തലവനായി പ്രവർത്തിക്കുവാൻ അവസരം ലഭിക്കുക എന്നത് അഭിമാനിക്കത്തക്ക നേട്ടം തന്നെയാണ്. തന്റെ പ്രവൃത്തി മണ്ഡലം എറണാകുളത്തേക്കു മാറിയപ്പോൾ സാമന്ത-ക്ഷത്രിയ യുവാക്കളുമായി സംവദിച്ച് പൈതൃകം നഷ്ടപ്പെടുത്താതെ അടുത്ത തലമുറയെ എങ്ങിനെ വാർത്തെടുക്കണമെന്ന പര്യവേഷണത്തിൽ മുഴുകിയിരിക്കുമ്പോൾ പെട്ടെന്നുള്ള തിരോധാനം തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്. ഈശ്വരന്റെ തീരുമാനങ്ങളെ മനുഷ്യന് ചോദ്യം ചെയ്യുവാൻ സാധ്യമല്ല. എങ്കിലും സന്തോഷ് നെടുങ്ങാടിയിൽ നിന്നും ഇനിയും പലതും പ്രതീക്ഷിച്ചിരുന്നു.

മാതാവ്: രാജലക്ഷ്മി നെടുങ്ങാടി. പത്നി: പ്രീതി. മക്കൾ: ശാരിക, ധീരജ്. സഹോദരിമാരായ സുനന്ദ, സുനിത എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സന്തോഷിന്റെ ഊർജസ്വലതയും സമാജത്തോടുള്ള താല്പര്യവും നമുക്കൊരു മാതൃകയാകട്ടെ.

Courtesy - Samantha Pathrika, September 2015, Lakkam 18, Vol.1, Page 24