“സ്വർഗ്ഗം”

അച്ഛനും അമ്മയും എന്നെ ഇരു കൈകളും പിടിച്ചുയർത്തി, അവരുടെ ലോകത്തിലേക്ക്. നിറയെ പച്ചപ്പുള്ള സ്ഥലം, തുമ്പയും തുളസിയും നാലു മണിപ്പൂക്കളും ശംഖു പുഷ്പവും എല്ലാം നിറയെ. മഴ പെയ്തു നനഞ്ഞു കിടക്കുന്ന മനോഹരമായ ഭൂമി!

വെളുത്ത മുണ്ടും വേഷ്ടിയും അണിഞ്ഞ് അമ്മ, വെളുത്ത മുണ്ടും കയ്യില്ലാത്ത ബനിയനും ഇട്ട് അച്ഛൻ. വേറെ ആരെയും കണ്ടില്ല. ഒരു ചെറിയ ഓടിട്ട പഴയ വീട്. ചുറ്റും മരങ്ങളും ചെടികളും മാത്രം. അകലെ വീടിൻ്റെ പുറത്ത് പൂത്തു നിൽക്കുന്ന നെൽപാടം, അതിനരികിലൂടെ കുത്തിയൊലിക്കുന്ന തെളിഞ്ഞ വെള്ളമുള്ള നീർച്ചാലരുവി…

“നീ കുളിച്ചു വന്ന് ഭക്ഷണം കഴിക്കു” അമ്മ പറഞ്ഞു. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും കല്ലിൽ അരച്ച മാവുകൊണ്ടുണ്ടാക്കിയ ദോശയും തേങ്ങാ ചമ്മന്തിയും റെഡി.

നാലെണ്ണം കഴിച്ചു. മതി എന്നു പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല. “ഇത് കൂടെ കഴിക്ക്”

അച്ഛൻ അപ്പോൾ ചാരു കസേരയിൽ കിടന്ന് ടെലിഫൻകൻ റേഡിയോയിൽ തിരുവനന്തപുരത്തു നിന്നുള്ള വാർത്തയും തുടർന്ന് ഡൽഹിയിൽ നിന്നുള്ള ഇംഗ്ലീഷ് വാർത്തയും കേട്ട് കഴിഞ്ഞു. റേഡിയോ ഓഫാക്കി.

മറ്റുള്ളവരൊക്കെ എവിടെയാണാവോ? നേരത്തെ ഇവിടെ വന്ന അമ്മാവന്മാരും ചെറിയച്ഛന്മാരും ഒക്കെ? നാളെ രാവിലെ തന്നെ അവരെയൊക്കെ പോയിക്കാണണം.

അമ്മ വിരിച്ചു തന്ന പഞ്ഞിക്കിടക്കയിൽ കിടന്നതും ഉറക്കത്തിലേക്ക് വഴുതി വീണു. അച്ഛനുമമ്മയും അടുത്ത മുറിയിലുണ്ടെന്ന സമാധാനവുമായി. തികഞ്ഞ നിശ്ശബ്ദത മാത്രം? ഫാനിൻ്റെയോ രാത്രി ജീവികളുടെയോ ശബ്ദമില്ല.

ഒരു കാര്യം മനസ്സിലായി. ഇതാണ് സ്വർഗ്ഗം – അതെ ഇതു തന്നെ സ്വർഗ്ഗം.

– ശ്രീ ചന്ദ്രമോഹൻ, കൊച്ചി.